തൃശൂർ: അഴിമതിക്ക് അറുതിയില്ലാതെ, അഞ്ചരവർഷത്തിനിടെയുള്ള വിജിലൻസ് കേസുകൾ 848. ഈ വർഷം അഞ്ചു മാസം പിന്നിടുന്പോഴേക്കും കേസുകൾ 75 ആയി. 2021ൽ മൊത്തം കേസുകൾ 101 ആയിരുന്നത് 2022 ആയപ്പോൾ 190 ആയി വർധിച്ചു. തുടർവർഷങ്ങളിൽ 161, 120, 201 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.
ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണവും നടപടികളും വ്യാപകമാക്കിയിട്ടും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ്. അഴിമതിക്കു തടയിടാൻ നിരീക്ഷണം കനപ്പിച്ച് നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണു വിജിലൻസ്.
പുതിയ കേസുകൾ കുമിഞ്ഞുകൂടുന്പോൾ വിചാരണ നേരിടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. 2021ൽ 1030 കേസുകളാണു വിജിലൻസ് കോടതിയിൽ വിചാണ നേരിട്ടിരുന്നത്. തുടർവർഷങ്ങളിലത് 1405, 1104, 1254, 1204 എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ വർധിച്ചുകൊണ്ടിരുന്നു. ഈ വർഷം പകുതിയാകുന്പോഴേക്കും കേസുകളുടെ എണ്ണം 3565 ആയി വൻ കുതിപ്പാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വിചാരണയിലുള്ള കേസുകളുടെയും പുതിയ കേസുകളുടെയും എണ്ണമെടുത്താൽ ശിക്ഷിക്കപ്പെടുന്ന കേസുകൾ കുറവാണ്. അഞ്ചരവർഷത്തിനിടെ 307 പേർക്കുമാത്രമാണ് അഴിമതിക്കേസുകളിൽ ശിക്ഷ ലഭിച്ചത്. ഈ വർഷം പകുതിയോടെ 22 കേസുകളിൽ ശിക്ഷ വിധിച്ചപ്പോൾ 2021ൽ 20 കേസുകളിലാണു ശിക്ഷ വിധിച്ചത്. 2022 മുതൽ 25 വരെ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം 75, 54, 98, 38 എന്നിങ്ങനെയാണ്.
ഈ വർഷം നിലവിൽ 21 കേസുകളിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മുൻവർഷത്തെ കണക്കെടുത്താൽ, ഈ വർഷം അവസാനിക്കുന്പോഴേക്കും നൂറിൽകൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെടാനാണു സാധ്യത. 2021ൽ 148 കേസുകളിലാണു വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ 74, 128, 94, 120 കേസുകളിൽ കുറ്റപത്രം നല്കി.
വിജിലൻസ് എൻക്വയറികളുടെ കണക്കെടുത്താൽ അഴിമതിക്കേസുകളും കുറ്റപത്രസമർപ്പണവും വിചാരണയുമെല്ലാം ഇനിയും വർധിക്കാനാണു സാധ്യത. 2026ൽ 34 വിജിലൻസ് അന്വേഷണങ്ങൾ പുതിയതായി ആരംഭിച്ചു.